11:59pm 04 September 2026
NEWS
നിലമ്പൂരിലെ ജനം ഇന്ന് വിധിയെഴുതും
19/06/2025  06:30 AM IST
nila
നിലമ്പൂരിലെ ജനം ഇന്ന് വിധിയെഴുതും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ഇന്നു രാവിലെ ഏഴുമണിക്കാരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. കേരള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ഈ മാസം ഇരുപത്തിമൂന്നിനാണ്. പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ പത്തുപേരാണ് നിലമ്പൂരിൽ ജനവിധി തേടുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെടുപ്പിനായി മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

കൈപ്പത്തി അടയാളത്തിൽ ആര്യാടൻ ഷൗക്കത്തും (യുഡിഎഫ്) ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം.സ്വരാജും (എൽഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. താമര അടയാളത്തിൽ മോഹൻ ജോർജ്ജും (എൻഡിഎ) മത്സര രം​ഗത്തുണ്ട്. സ്ഥാനാർഥികൾ കത്രിക അടയാളത്തിൽ പി.വി.അൻവർ മത്സരിക്കുമ്പോൾ എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും രംഗത്തുണ്ട്. എൽഡിഎഫിനും യുഡിഎഫിനും വരുന്ന തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള സൂചനയാകും നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം. അതേസമയം, നിലമ്പൂരിൽ മുൻ എംഎൽഎയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായി പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. 

ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി.വി.അൻവർ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ കോൺഗ്രസിന്റെ വി.വി.പ്രകാശിനെ തോൽപ്പിച്ചത്.

വിവിധ വിഷയങ്ങളുയർത്തി ഭരണ, പ്രതിപക്ഷ നേതാക്കൾ കൊമ്പുകോർത്ത പ്രചാരണ മാമാങ്കത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്. യുഡിഎഫ്–എൽഡിഎഫ്–എൻഡിഎ മുന്നണികൾക്കൊപ്പം സ്വതന്ത്രനായി പി.വി.അൻവറിന്റെ രംഗപ്രവേശത്തോടെയാണ് മണ്ഡലത്തിലെ പോരാട്ടം വീറുറ്റതായത്. മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകം. ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദമുയർത്തിയ പ്രതിപക്ഷത്തിന്റെ നിലപാട് ഉറപ്പിക്കാൻ മണ്ഡലം പിടിച്ചെടുക്കേണ്ട ബാധ്യതയാണ് യുഡിഎഫിന്റേത്. വികസനമുദ്രാവാക്യത്തിന് എത്രവോട്ടെന്ന കണക്കെടുപ്പിലാണ് എൻഡിഎ. മുകൾതട്ടിൽ പ്രതിഫലിക്കാത്ത അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് പി.വി.അൻവർ ക്യാംപ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img